കുടുംബചരിത്രം

വിശ്വാസവും, പാരമ്പര്യവും ഒരുമിച്ച കുടുംബ ചരിത്രം

കേരളത്തിലെ പ്രാചീന കുടുംബങ്ങളിൽപ്പെട്ട ക്രിസ്ത്യാനികളെല്ലാം തന്നെ, തങ്ങളുടെ ഉത്ഭവം മാർത്തോമ്മാ ശ്ലീഹാ എ.ഡി 52-ൽ ഇവിടെ വന്നത് മുതലാണെന്ന് അവകാശപ്പെടുന്നവരും, അതിൽ അഭിമാനിക്കുന്നവരുമാണ്. ഒന്നാം നൂറ്റാണ്ടു മുതൽ ആധുനിക കാലം വരെയുള്ള പ്രസ്തുത ചരിത്രത്തിൻ്റെ കണ്ണികൾ ഇടമുറിയാതെ ചേർത്ത് വയ്ക്കുക എന്നത് സുസാധ്യമല്ല. 1977-ൽ പ്രസിദ്ധീകരിച്ച ചിറപ്പുറത്ത് കുടുംബചരിത്ര ഗ്രന്ഥത്തിൽ, കിട്ടാവുന്ന എല്ലാ ചരിത്രരേഖകളും, പൂർവ്വീകന്മാരിൽ നിന്നും പരമ്പരാഗതമായി ലഭിച്ചിട്ടുള്ള വിവരങ്ങളും ക്രോഡീകരിച്ച് അവയുടെ അടിസ്ഥാനത്തിൽ ആധുനിക കാലഘട്ടത്തെ സവിസ്തരം പ്രതിപാദിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.

മാർത്തോമ്മാ ശ്ലീഹാ മലയാളക്കരയിൽ വന്നിറങ്ങിയതിനു ശേഷം കൊടുങ്ങല്ലൂർ, പാലയൂർ, പറവൂർ, നിരണം, കൊല്ലം, തെക്കൻ പള്ളിപ്പുറം, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിൽ പള്ളികൾ സ്ഥാപിച്ചതായും കള്ളി, കാളിയാങ്കൽ, ശങ്കരപുരി, പകലോമറ്റം എന്നീ ബ്രാഹ്മണ കുടുംബങ്ങളെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതായും അവരിൽ നിന്ന് അപ്പോസ്തോലിക മാതൃകയിൽ കൈവെപ്പോടുകൂടി വൈദീകരെ സഭാ ശുശ്രൂഷയ്ക്കായി പ്രതിഷ്ഠിച്ചതായും വിശ്വസിക്കുന്നു. അതിൽ കള്ളി ഇല്ലക്കാരിൽ ചിലർ വിവിധ കാരണങ്ങളാൽ എ.ഡി 337-ൽ പാലയൂരിൽ നിന്നും പുറപ്പെട്ട് കുറവലങ്ങാട്ട് വന്നു താമസിച്ചെന്നും എ.ഡി 345-ൽ ക്നായിതൊമ്മൻ്റെ കൂടെ വന്ന ജോസഫ് മെത്രാൻ അവർക്ക് ഒരു പള്ളി കൂദാശ ചെയ്തു കൊടുത്തെന്നും " മാർത്തോമ്മാ ശ്ലീഹായുടെ ചരിത്രം" എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നും ഇന്നേക്ക് ഏതാണ്ട് 500 വർഷങ്ങൾക്കു മുമ്പ് കള്ളി ഇല്ലത്ത് ഭവനത്തിലെ കുരുവിള എന്ന് ആൾ തോട്ടയ്ക്കാട്ട് വന്നു താമസം തുടങ്ങി. പതിനഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനമോ, പതിനാറാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലോ തോട്ടയ്ക്കാട് വന്നു പാർത്ത കള്ളിയില്ലത്ത് കുരുവിള ആണ് നമ്മുടെ കുടുംബ പിതാവായി കണ്ടെത്താൻ കഴിയുന്നത്. ഇല്ലപ്പേര് അദ്ദേഹം സ്വീകരിച്ചെങ്കിലും പിൽക്കാലത്ത് ഈ വീട്ടുപേര് " കണ്ണൊഴുക്കത്ത് " എന്ന് രൂപാന്തരപ്പെട്ടു. തോട്ടയ്ക്കാട് താമസം തുടങ്ങിയ കണ്ണൊഴുക്കം എന്ന് പിന്നീട് അറിയപ്പെട്ട കള്ളി ഇല്ലത്ത് കുരുവിളയുടെ ഏഴാം തലമുറക്കാരനായ ചിറപ്പുറത്ത് കുരുവിള മുതലുള്ള ചരിത്രമാണ് കുടുംബ ചരിത്രമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തോമാശ്ലീഹയുടെ സുവിശേഷ പ്രവർത്തനഫലമായി ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്ന ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നായ കള്ളി ഇല്ലത്തിൻ്റെ പിൻതലമുറക്കാരാണ് ചിറപ്പുറത്ത് കുടുംബാംഗങ്ങൾ എന്ന് ചരിത്രരേഖകളും പൂർവ്വീകരിൽ നിന്നും പരമ്പരാഗതമായി ലഭിച്ചിട്ടുള്ള വിവരങ്ങളും വച്ച് വിശ്വസിക്കുന്നു. ചിറപ്പുറത്ത് കുടുംബത്തിൻ്റെ ചരിത്രം ഒന്നാം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്നു. നാലാം നൂറ്റാണ്ട് വരെ പാലയൂരിലും അതിന് ശേഷം പതിനഞ്ചാം നൂറ്റാണ്ട് വരെ കാളികാവിലും പിന്നീട് കോട്ടയം ജില്ലയിൽ തോട്ടയ്ക്കാട്ടും പരിസരങ്ങളിലുമായി കുടുംബാഗങ്ങൾ താമസിച്ചു. ഇന്ന് ഈ വലിയ കുടുംബത്തിലെ അംഗങ്ങൾ ലോകത്തെ എല്ലാ വൻകരകളിലും ഉണ്ട്.

മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്ത കുടുംബങ്ങളിൽ ഒന്നായ ചിറപ്പുറത്ത് കുടുംബത്തിന് തോട്ടയ്ക്കാട്, കുഴിമറ്റം എന്നീ രണ്ട് ശാഖകൾ ഉണ്ട് . തോട്ടയ്ക്കാട് വന്നു പാർത്ത കള്ളി ഇല്ലത്ത് കുരുവിളയുടെ ഏഴാം തലമുറക്കാരനായ ചിറപ്പുറത്ത് കുരുവിളയുടെ, അഞ്ച് പുത്രന്മാരിൽ മൂന്നാമത്തെ പുത്രൻ വർക്കി കുഴിമറ്റം ശാഖ തലവനും ഇളയ പുത്രൻ കുരുവിള തോട്ടയ്ക്കാട് ശാഖ തലവനും ആണ്.

കുഴിമറ്റം ശാഖാ തലവൻ വർക്കിയുടെ മക്കളായ അഞ്ച് പിതാക്കന്മാരിലൂടെ നടുവിലേടം, കാരാണിക്കുളം, കിഴക്കേക്കുറ്റ്, ചേലചിറ, വല്യവീട്ടിൽ എന്നീ അഞ്ച് ഉപശാഖകളും, തോട്ടയ്ക്കാട് ശാഖാ തലവൻ കുരുവിളയുടെ മക്കളായ ഏഴ് പിതാക്കന്മാരിലൂടെ തണുങ്ങുംപതിയ്ക്കൽ, കിഴക്കേമുറിയിൽ, ചിറത്തലയ്ക്കൽ, മറ്റത്തിൽ, തണുങ്ങുംപതിയ്ക്കൽ കിഴക്ക്, തണുങ്ങുംപതിയ്ക്കൽ പടിഞ്ഞാറ്, ചിറപ്പുറത്ത് എന്നീ ഏഴ് ഉപശാഖകളും ഉണ്ട്.

തോട്ടയ്ക്കാട്, കുഴിമറ്റം പ്രദേശത്തും കൂടാതെ കുമളി, മലബാർ മേഖലകളിലും കേരളത്തിൻ്റെ മറ്റു പ്രദേശങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിലും ലോകത്തിൻ്റെ പല രാജ്യങ്ങളിലും ആയി അഞ്ഞൂറിൽ അധികം കുടുംബങ്ങൾ പാർക്കുന്നു.